വി.എസ്. തെറ്റ്ഏറ്റുപറയുമെന്ന് കാരാട്ട്

single-img
28 July 2012

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ തെറ്റുകള്‍ പരസ്യമായി ഏറ്റുപറയുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്നലെ എ.കെ.ജി സെന്ററില്‍ നടന്ന തെക്കന്‍മേഖലാ റിപ്പോര്‍ട്ടിംഗിലാണു കാരാട്ട് ഇക്കാര്യം ആവര്‍ത്തിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെയുള്ളവരുടെ മേഖലാ റിപ്പോര്‍ട്ടിംഗാണു നടന്നത്. പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച കേന്ദ്ര കമ്മിറ്റി പ്രമേയത്തില്‍ ഒരു മാറ്റവുമില്ലെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. വിഎസിനെതിരേയുള്ള അച്ചടക്ക നടപടി റിപ്പോര്‍ട്ട് ചെയ്ത കാരാട്ട് അതിനു വഴിതെളിച്ച കാരണങ്ങളും വിശദമായി പ്രതിപാദിച്ചു. കോഴിക്കോട്ടു ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പാര്‍ട്ടിക്കുണ്ടായ മുന്‍തൂക്കം ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ഇല്ലാതായി. ഇതിനു വിഎസിന്റെ പല പ്രസ്താവനകളും ദോഷമായി ഭവിച്ചു. വിഎസിനു പറ്റിയ തെറ്റുകള്‍ അദ്ദേഹം കേന്ദ്ര കമ്മിറ്റിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം പരസ്യമായി അദ്ദേഹം തന്നെ ഏറ്റുപറയുമെന്നും മാധ്യമങ്ങളിലൂടെയോ അല്ലാതെയോ എന്നുള്ള കാര്യം വിഎസ് തന്നെ തീരുമാനിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവരും റിപ്പോര്‍ട്ടിംഗില്‍ പങ്കെടുത്തു.