മല്യ കടത്തില്‍; ഐപിഎല്‍ കളിക്കാര്‍ക്ക് കൊടുക്കാന്‍ പണമില്ല

single-img
27 July 2012

കടബാധ്യതയില്‍ കൂപ്പുകുത്തിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ്മല്യയുടെ സ്വന്തം ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സിലെ അംഗങ്ങള്‍ വെറുംകൈയോടെ പോകേണ്ടിവരുമെന്നു സൂചന. വിമാനക്കമ്പനിയിലെ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും പ്രയാസപ്പെടുകയാണ് മല്യ. അതിനിടയിലാണ് ടീമംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം കൊടുക്കാനുള്ളത്. ഐപിഎല്‍ അഞ്ചാം എഡിഷനില്‍ അനവധി അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാര്‍ ടീമിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി, എ.ബി. ഡിവില്ലേഴ്‌സ്, ആര്‍. വിനയകുമാര്‍, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ടീമില്‍ അംഗങ്ങളായിരുന്ന അഞ്ച്് ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ടോണി ഐറിഷ് പറഞ്ഞു. ദക്ഷിണാഫ്രിക്ക കൂടാതെ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ കളിക്കാര്‍ക്കും പണം ലഭിച്ചില്ല. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് മാത്രമല്ല, ഡെക്കാന്‍ ചാര്‍ജേഴ്‌സും മുഴുവന്‍ തുക ഇതുവരെ നല്‍കിയിട്ടില്ല. കളിക്കാര്‍ക്ക് കാലതാമസം കൂടാതെ പണം നല്‍കുമെന്നു മല്യയുടെ യുബി ഗ്രൂപ്പ്് വക്താവ് പറഞ്ഞു.