സിറിയയില്‍ പ്രക്ഷോഭകാരികള്‍ അന്തിമപോരാട്ടത്തിന്

single-img
27 July 2012

സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയില്‍ ജനാധിപത്യ പ്രക്ഷോഭകാരികള്‍ അന്തിമ പോരാട്ടത്തിനു തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ പ്രക്ഷോഭകാരികള്‍ ആയുധശേഖരവും വൈദ്യസഹായ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സൈന്യത്തെയും ചാരന്മാരെയും വഴിയില്‍ തടയാന്‍ ചെക്ക്‌പോയിന്റുകളും സ്ഥാപിച്ചുകഴിഞ്ഞു. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ പിന്തുണയ്ക്കുന്ന സൈന്യം അലെപ്പോ നഗരത്തെ സമീപിച്ചുകഴിഞ്ഞെന്നും ഏതുനിമിഷവും അന്തിമപോരാട്ടം തുടങ്ങുമെന്നും പ്രക്ഷോഭകാരികള്‍ മുന്നറിയിപ്പ് നല്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. നഗരത്തിന്റെ പകുതിയിലേറെഭാഗം പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്. ഒരാഴ്ചയിലേറെയായി അലെപ്പോ നഗരവീഥികളില്‍ തെരുവു പോരാട്ടങ്ങള്‍ അരങ്ങേറുകയാണ്. ഏതുനിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ഭയത്താല്‍ നഗരവാസികള്‍ വീടും സ്വത്തുക്കളും ഉപേക്ഷിച്ച് വിദൂര നാടുകളിലേക്കു പലായനം ചെയ്തു തുടങ്ങിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു.