ഒളിമ്പിക് ഫുട്‌ബോള്‍: സ്‌പെയിനിനു തോല്‍വി

single-img
27 July 2012

പുരുഷ വിഭാഗം ഒളിമ്പിക് ഫുട്‌ബോളില്‍ ആദ്യ മത്സരത്തില്‍ തന്നെ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനു തിരിച്ചടി. ജപ്പാനോടാണ് സ്‌പെയിന്‍ തോല്‍വി വഴങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാന്‍ സ്‌പെയിനിനെ ഞെട്ടിച്ചത്. യുവതാരം യുകി ഒട്‌സുവാണ് ജപ്പാന്റെ വിജയശില്പി. 34-ാം മിനിറ്റിലാണ് ഒട്‌സുവിലൂടെ ജപ്പാന്റെ വിജയഗോള്‍ പിറന്നത്. തുടക്കം മുതല്‍ ആക്രമണശൈലിയില്‍ കളി തുടങ്ങിയ ജപ്പാന്‍ തുടരെത്തുടരെ സ്‌പെയിനിന്റെ ഗോള്‍മുഖത്ത് മുന്നേറ്റം നടത്തി. ജപ്പാന്‍ ആദ്യപകുതിയില്‍ തന്നെ ആധിപത്യം നേടിയതോടെ സ്‌പെയിന്‍ പതറി. ആറു കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ സ്‌പെയിനിനായില്ല. 41-ാം മിനിറ്റില്‍ ഇനിഗോ മാര്‍ട്ടിന്‍സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ സ്‌പെയിന്‍ നിര പത്തിലേയ്ക്കു ചുരുങ്ങി. ഇതോടെ കളി കൈവിടുകയായിരുന്നു അവര്‍. രണ്ടാം പകുതിയില്‍ മൂന്നു മാറ്റങ്ങള്‍ സ്‌പെയിന്‍ നിരയില്‍ എത്തിയെങ്കിലും സമനില ഗോള്‍ കണ്‌ടെത്താന്‍ ഇവര്‍ക്കുമായില്ല.