പറവൂര്‍ പീഡനം: പെണ്‍കുട്ടിയുടെ പിതാവിന് ജീവപര്യന്തം

single-img
26 July 2012

പറവൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയ കേസിലെ ഒന്നാം പ്രതിയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവുമായ പറവൂര്‍ വാണിയക്കാട് ചൗതി പറമ്പില്‍ സുധീറിന്(40) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്കു പുറമെ 50,000 രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രേരണാക്കുറ്റത്തിന് ഒരുവര്‍ഷം തടവും കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമത്തിന് ആറു മാസം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷകള്‍ പ്രതി വെവ്വേറെ അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പി.ജി. അജിത്കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഇരുന്നൂറിലധികം പേര്‍ പ്രതികളായ പറവൂര്‍ പീഡന കേസിലെ ആദ്യശിക്ഷാ വിധിയാണിത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വേഗത്തിലാണു കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. പ്രതിക്കെതിരെ 33 സാക്ഷികളെ വിസ്തരിച്ചു. പറവൂര്‍ പോലീസ് അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണു കുറ്റപത്രം സമര്‍പ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ രഹസ്യവിചാരണയാണു നടത്തിയത്.