ബിഗ്ബന്നില്‍ ഇന്ന് മണിമുഴങ്ങും; കായിക മാമാങ്കത്തിന് ഇന്ന് തുടക്കം.

single-img
26 July 2012

ലോക കായിക മേളയുടെ അവസാന വാക്കായ ഒളിമ്പിക്‌സിന് ഇന്നു ലണ്ടനില്‍ തുടക്കമാകും. ലോകം ഇനി ലണ്ടനിലേക്കു നോക്കും. 39 മത്സരയിനങ്ങളിലായി മത്സരാര്‍ത്ഥികള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ലോകം ആവേശത്തിന്റെ കൊടുമുടയിലേക്ക് ഉയരും.

ലോക കായിക മഹാമേളയ്ക്ക് അരങ്ങൊരുക്കി ലണ്ടന്‍ കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകളേറെയായി. അതിന്റെ സാക്ഷാത്കാരമെന്നോണം ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ന് കൊടിയേറ്റമാവുകയാണ്. ലണ്ടന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ബിഗ്‌ബെന്നിലെ മണിമുഴക്കത്തോടെയാണ് ലണ്ടന്‍ ഒളിമ്പിക്‌സിനു തുടക്കമാകുന്നത്. മൂന്നു മിനിറ്റിനുള്ളില്‍ 40 തവണയാണ് ഈ മണി തുടര്‍ച്ചയായി മഴങ്ങുന്നത്. ശേഷം ടാനി ബോയ്‌ലിന്റെ മനസ്സില്‍ ഇതള്‍വിരിഞ്ഞ മഹാനായ ഷേക്‌സ്പിയറിന്റെ ടെമ്പസ്റ്റ് എന്ന കാവ്യത്തിലെ അത്ഭുത ദ്വീപ് ജനങ്ങള്‍ക്കുമുന്നില്‍ അനാവൃതമാകും.

120 കോടി ജനതയുടെ സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്നു പോരാട്ടം തുടങ്ങും. അമ്പെയ്ത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്നു നടക്കും. വ്യക്തിഗത, ടീം ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷയുമായി ദീപിക കുമാരിയും സംഘവുമാണ് മത്സരത്തിനിറങ്ങുന്നത്. ലണ്ടനില്‍ ചരിത്രം രചിക്കാന്‍ 81 അംഗ ടീമിനെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഒളിമ്പിക്‌സില്‍ത്തന്നെ ഇന്ത്യ അയയ്ക്കുന്ന ഏറ്റവും വലിയ സംഘമാണിത്. 13 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. അമ്പെയ്ത്ത്, ബോക്‌സിംഗ്, ഷൂട്ടിംഗ്, ഗുസ്തി, ടെന്നീസ് ബാഡ്മിന്റണ്‍ എന്നിവയിലാണ് ഇന്ത്യ പ്രധാനമായും മെഡല്‍ പ്രതീക്ഷിക്കുന്നത്.