സേവനാവകാശ ബിൽ നിയമസഭ പാസ്സാക്കി

single-img
25 July 2012

സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ജനങ്ങൾക്കു ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ഉൾപ്പെടെ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കേരള സേവനാവകാശ ബിൽ നിയമസഭ പാസ്സാക്കി.ആദ്യപടിയായി 13 സർക്കാർ സേവനങ്ങളും പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട ഒന്പത് സേവനങ്ങളുമാണ് ബില്ലിന്റെ പരിധിയിൽ വരിക. സേവനങ്ങൾ അതത് വകുപ്പുകളിൽ നിന്നോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നോ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ ജനങ്ങൾക്കു ലഭ്യമാകും. ഇതിൽ താമസം നേരിട്ടാൽ പരാതി നൽകാൻ സംവിധാനമുണ്ട്. ഇതിന് മറുപടി നൽകാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ നൽകാം. സേവനം ലഭ്യമാക്കിയില്ലെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥൻ പിഴ അടയ്ക്കണം.500 രൂപ മുതൽ 5000 രൂപ വരെയാണ് പിഴ. ജനന,ജാതി,വരുമാന, വാസസ്ഥല, മരണ സർട്ടിഫിക്കറ്റുകൾ, വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്‌ഷൻ, വീടുകൾക്കുള്ള ജലവിതരണ കണക്‌ഷൻ, റേഷൻ കാർഡ് നൽകൽ, പൊലീസ് സ്റ്റേഷനിൽ നൽകുന്ന പരാതികൾക്ക് രസീത്, എഫ്.ഐ.ആർ പകർപ്പ് നൽകൽ, ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ ഇടപെടൽ, സമയബന്ധിതമായ പാസ്പോർട്ട് പരിശോധന, സമയബന്ധിതമായ ജോലി വെരിഫിക്കേഷൻ, കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് പൊലീസിന്റെ എത്തിച്ചേരൽ, പരാതികളിൽ സമയബന്ധിതമായി നടപടി ആരംഭിക്കൽ, ഉച്ചഭാഷിണി, ജാഥകൾ മുതലായവയ്ക്കുള്ള അനുമതി, ആയുധ- സ്ഫോടകവസ്തു ലൈസൻസ്, പൊലീസ് അനുമതി പത്രം നൽകൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് നൽകൽ, കസ്റ്റഡിയിലുള്ള വാഹനങ്ങൾ മോചിപ്പിക്കൽ, പട്ടികജാതി, പട്ടികവർഗ നഷ്ടപരിഹാര ശുപാർശ നൽകൽ തുടങ്ങിയവയാണ് സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നത്.

പ്രതിപക്ഷ ബഹളത്തിനിടയിലാണു ബിൽ പാസ്സാക്കിയത്.ചരിത്രപരമായ ദിവസമാണു ഇന്നെന്ന് സ്പിക്കർ  അഭിപ്രായപ്പെട്ടു.