Latest News

പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി അധികാരമേറ്റു

ഭാരതത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ താല്‍ക്കത്തോറ റോഡിലെ വസതിയില്‍ നിന്ന് രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി രാഷ്ട്രപിതാവിനു ആദരമര്‍പ്പിച്ച ശേഷമാണ് പ്രണാബ് സത്യപ്രതിജ്ഞയ്ക്കായി പാര്‍ലമെന്റിലേക്കു പുറപ്പെട്ടത്.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനേയും നിയുക്ത രാഷ്ട്രപതിയായ പ്രണാബിനെയും സെന്‍ട്രല്‍ ഹാളിലേക്കു ആനയിച്ചതോടെ ചടങ്ങിനു തുടക്കമായി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും സ്വീകരിച്ചത്. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിംഗ് പ്രണാബിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം വായിച്ചു.

തുടര്‍ന്ന് ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയ ചൊല്ലിക്കൊടുത്ത ഇന്ത്യന്‍ ഭരണഘടനയെയും നിയമങ്ങളെയും കാത്തുസൂക്ഷിക്കുമെന്നും സംരക്ഷിക്കുമെന്നും പ്രതിരോധിക്കുമെന്നുമുള്ള സത്യവാചകം ഏറ്റുപറഞ്ഞ് പ്രണാബ് ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റു. തുടര്‍ന്ന് പുതിയ രാഷ്ട്രപതിക്ക് സുരക്ഷാഭടന്‍മാര്‍ ഗണ്‍സല്യൂട്ട് അര്‍പ്പിച്ച് 21 ആചാരവെടികള്‍ മുഴക്കി. ഇതിനുശേഷം ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി അധികാരമേറ്റുകൊണ്ട് പ്രണാബ് രജിസ്റ്ററില്‍ ഒപ്പുവെച്ചു.