ഫ്രീഡം പരേഡ്; പോപ്പുലര്‍ ഫ്രണ്ടിനു സിമി ബന്ധമെന്നു സര്‍ക്കാര്‍

single-img
25 July 2012

ഇന്ത്യ നിരോധിച്ച തീവ്രവാദ സംഘടനായായ സിമിയുടെ മറ്റൊരു രൂപമാണ് പോപ്പുലര്‍ ഫ്രണെ്ടന്നും വര്‍ഗീയ ലക്ഷ്യമുള്ള 27 കൊലപാതകങ്ങളില്‍ ഇവര്‍ക്കു പങ്കുണെ്ടന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇസ്‌ലാമിക മതമൗലികവാദികളുടെ സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും എതിരാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രീഡം പരേഡ് നടത്താന്‍ അനുമതിതേടി പോപ്പുലര്‍ഫ്രണ്ട് സമര്‍പ്പിച്ച ഹര്‍ജിക്കെതിരേയാണു സര്‍ക്കാര്‍ റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം പരേഡ് നടത്തണമെന്ന ആവശ്യം നിഷ്‌കളങ്കമാണെന്നു തോന്നാമെങ്കിലും രാജ്യത്തിന്റെ സുരക്ഷിതത്വവും അഖണ്ഡതയും കണക്കിലെടുക്കുമ്പോള്‍ ഇതില്‍ വലിയ അപകടമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു സിമിയുമായി അടുത്ത ബന്ധമുണ്ട്. മതതീവ്രവാദ സംഘടനയായ എന്‍ഡിഎഫില്‍നിന്നു രൂപമെടുത്തതാണു പോപ്പുലര്‍ ഫ്രണ്ട്. 2007 മുതല്‍ ഈ സംഘടന സംസ്ഥാനത്തുണ്ട്. എന്നാല്‍, 1993ല്‍ രൂപീകരിച്ച എന്‍ഡിഎഫിന്റെ അജന്‍ഡയോടെതന്നെയാണു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.