അഭയക്കേസ്‌:മാര്‍ കുന്നശേരിക്കെതിരേയും സി.ബി.ഐ. റിപ്പോര്‍ട്ട്‌

single-img
24 July 2012

ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൗസിയുമായി അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്‌റ്റര്‍ സെഫി എന്നിവര്‍ക്കെതിരേ ശാസ്‌ത്രീയമായ തെളിവുണ്ടെന്നും  സി.ബി.ഐ. കോടതിയെ അറിയിച്ചു. അഭയ കേസിലെ പ്രതികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജിക്കെതിരെ സി.ബി.ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കോട്ടയം ബിസിഎം കോളേജിലെ പ്രൊഫസറായിരുന്ന ത്രേസ്യാമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തല്‍. സിസ്റ്റര്‍ ലൗസി ബിസിഎം കോളേജിലെ ഹിന്ദി അധ്യാപികയും അഭയ കൊല്ലപ്പെട്ട കാലയളവില്‍ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ സെഫിയുടെ റൂംമേറ്റുമായിരുന്നു.

അഞ്ചു നിലകളുള്ള പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിന്റെ ഏറ്റവും താഴത്തെ നിലയിലുള്ള സെല്ലാര്‍ റൂമിലാണ്‌ സിസ്‌റ്റര്‍ ലൗസിയും സിസ്‌റ്റര്‍ സെഫിയും താമസിച്ചിരുന്നത്‌. രാത്രി 10.30നു ശേഷം ഈ മുറിയിലേക്കു മറ്റാര്‍ക്കും കടന്നു ചെല്ലാനാകില്ല. അഭയ ഈ മുറിയില്‍ വെള്ളം കുടിക്കാന്‍ രാത്രി ചെന്നപ്പോള്‍ സെഫിയെയും ഫാ. തോമസ്‌ കോട്ടൂരിനെയും ഫാ. ജോസ്‌ പൂതൃക്കയിലിനെയും കണ്ടിരുന്നു.

പ്രതികള്‍ക്കെതിരേ ശക്‌തമായ തെളിവുകളുള്ള സാഹചര്യത്തില്‍ തിരുവനന്തപുരം സി.ബി.ഐ. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികള്‍ തള്ളണമെന്നും സി.ബി.ഐ. സീനിയര്‍ പ്രോസിക്യൂട്ടര്‍ വി.എന്‍. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.