ക്യാപ്റ്റന്‍ ലക്ഷ്മി ഓര്‍മ്മയായി

single-img
23 July 2012

സ്വാതന്ത്ര്യസമരസേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ഓഫീസറുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സേഗാള്‍(97) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് കാണ്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. രാവിലെ 11.20 നായിരുന്നു അന്ത്യം. മരണശേഷം അവരുടെ കണ്ണുകള്‍ ദാനം ചെയ്തു. മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി നല്‍കും. സിപിഎം സഹയാത്രികയായിരുന്ന ലക്ഷ്മിയുടെ മൃതദേഹം നാളെ പത്ത് മണിക്ക് സിപിഎം കാണ്‍പൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഇതിനുശേഷമാകും കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി മൃതദേഹം കൈമറുക. 1971 ല്‍ സിപിഎമ്മില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ ലക്ഷ്മി പിന്നീട് രാജ്യസഭാംഗവുമായി. 2002 ല്‍ ഇടതുപാര്‍ട്ടികള്‍ അവരെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയെങ്കിലും എ.പി.ജെ അബ്ദുള്‍ കലാമിനോട് മത്സരിച്ച് പരാജയപ്പെട്ടു. 1998 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.