ഹര്‍ഭജന്‍ മാധ്യമങ്ങള്‍ക്കെതിരെ

single-img
21 July 2012

തന്റെ പ്രകടനത്തെ തരംതാഴ്ത്തിയെഴുതിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനുവേണ്ടി കളിക്കുന്ന ഹര്‍ഭജന് വിക്കറ്റൊന്നും നേടാനാവാത്തതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയതിനാണ് ഇന്ത്യന്‍ മാധ്യമങ്ങളെ ഹര്‍ഭജന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രൂക്ഷമായി വിമര്‍ശിച്ചത്. ശൂന്യതയില്‍ നിന്ന് വാര്‍ത്ത സൃഷ്ടിക്കുന്നവരാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ചതുര്‍ദിന മത്സരത്തിലെ മൂന്ന് ദിവസവും മഴ മൂലം നഷ്ടമായിരുന്നു. എന്നിട്ടും ഇന്ത്യന്‍ മാധ്യമങ്ങള്‍ ഹര്‍ഭജന് വിക്കറ്റൊന്നും ലഭിച്ചില്ലെന്നെഴുതി. തങ്ങള്‍ എഴുതുന്നത് മാത്രമാണ് ശരിയെന്നതാണ് ഇന്ത്യയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയെ ഇത്തരത്തില്‍ ചവിട്ടിത്താഴ്ത്തുന്നത് നിര്‍ത്താന്‍ ഇനിയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ തയാറാവണം. അവര്‍ കുറച്ചുകൂടി വളരണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇത്തരം അസത്യവാര്‍ത്തകള്‍ പടച്ചുവിടരുതെന്നും ഹര്‍ഭജന്‍ പറഞ്ഞു.