Latest News

റെയ്ഡിനെ പ്രതിരോധിക്കാന്‍ ഹോട്ടലുടമകളുടെ സംഘടന: നാളെ ഹോട്ടലുകള്‍ അടച്ചിടും

സംസ്ഥാനത്ത് ഹോട്ടലുകളില്‍ നടത്തുന്ന വ്യാപക റെയ്ഡിനെ പ്രതിരോധിക്കാന്‍ ഹോട്ടലുടമകളുടെ സംഘടന രംഗത്ത്. റെയ്ഡിന്റെ പേരില്‍ പീഡിപ്പിക്കുകയാണന്നും ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിടുമെന്നും ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെയാണ് പണിമുടക്കുക. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പേരില്‍ ഹോട്ടല്‍ ഉടമകളെ പീഡിപ്പിക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് ഷവര്‍മയില്‍ നിന്നും ഭക്ഷ്യവിഷബാധയുണ്ടായി ഒരാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ മൂന്ന് ദിവസങ്ങളായി പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ 200 ഓളം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും അന്‍പതോളം ഹോട്ടലുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയാറാക്കുകയും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുകയും ചെയ്ത ഹോട്ടലുകള്‍ക്കെതിരെയായിരുന്നു നടപടി. വന്‍ ജനപിന്തുണയും സര്‍ക്കാരിന്റെ നടപടികള്‍ക്ക് ലഭിച്ചിരുന്നു.