തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാന്റീനും വൃത്തിഹീനമായ അന്തരീക്ഷത്തില്‍

single-img
20 July 2012

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍. കാന്റീനിന്റെ അടുക്കള കക്കൂസിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും വിവരമറിയിച്ചതിനെ തുടര്‍ന്ന് കാന്റീനിന്റെ വൃത്തിഹീനത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ക്യാന്റീന്‍ നടത്തിപ്പുകാര്‍ ഭീഷണിപ്പെടുത്തി. മെഡിക്കല്‍ കോളജ് പരിസരത്തെ മിക്ക ഹോട്ടലുകളിലും ഫുഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഈ ഭാഗത്തേക്ക് പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. മെഡിക്കല്‍ കോളജിലെ പുതിയ ഒ.പി.ബ്ലോക്കിന് സമീപത്താണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജിലെത്തുന്ന നൂറ് കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഭക്ഷണം വാങ്ങുന്നത് ഈ കാന്റീനില്‍ നിന്നാണ്. എന്നാല്‍ ഭരണകക്ഷിയിലെ ഒരു എംഎല്‍എയുടെ ബിനാമികളാണ് മെഡിക്കല്‍ കോളജിനകത്തെ കാന്റീനുകളുടെ നടത്തിപ്പുകാരെന്നും അതിനാലാണ് ഇവിടേക്ക് ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്താത്തതെന്നും നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.