സംസ്ഥാന അവാര്‍ഡ്; ഇന്ത്യന്‍ റുപ്പി സിനിമ, നടന്‍ ദിലീപ്, നടി ശ്വേതാ മേനോന്‍

single-img
19 July 2012

2011 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള പുരസ്‌കാരവും സോള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിന് ശ്വേതാ മേനോന്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ചാപ്പാ കുരിശിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനായും നിലമ്പൂര്‍ ആയിഷ രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പ്രണയം എന്ന ചിത്രത്തിലൂടെ ബ്ലെസിയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ജഗതി ശ്രീകുമാറാണ് (സ്വപ്ന സഞ്ചാരി) മികച്ച ഹാസ്യനടന്‍. ട്രാഫിക് എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ സഞ്ജു, ബോബി ടീമിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച മാളവിക നായരാണ് മികച്ച ബാലതാരം. രതിനിര്‍വേദം എന്ന ചിത്രത്തിലെ ‘ചെമ്പകപ്പൂങ്കാവിലെ’ എന്ന ഗാനം ആലപിച്ച സുധീപ് കുമാറാണ് മികച്ച ഗായകന്‍. ഇതേ ചിത്രത്തിലെ ‘കണ്ണോരം ശിങ്കാരം’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ശരത് ആണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടിയത് ദീപക് ദേവാണ്. സുജിത് ആണ് മികച്ച കലാസംവിധായകന്‍ (നായിക) മികച്ച ശബ്ദലേഖകന്‍ രാജകൃഷ്ണന്‍(ഉറുമി), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ (ഇവന്‍ മേഘരൂപന്‍). ആകാശത്തിന്റെ നിറം എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ഡോ. ബിജു പ്രത്യേക ജൂറി അവാര്‍ഡ് നേടി. രാജേഷ്‌കുമാര്‍ ഒരുക്കിയ മഴവില്‍ നിറവിലൂടെ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.