കാര്‍ക്കിടക വാവുബലിയുടെ മോക്ഷം തേടി പതിനായിരങ്ങള്‍

single-img
18 July 2012

കര്‍ക്കിടക വാവുബലിക്ക് പിതൃതര്‍പ്പണം െചയ്ത് മോക്ഷം നേടാന്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. തലസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ തന്നെ വാവു ബലിയിടുന്നതിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവല്ലം പരശുരാമ ക്ഷേത്രം,ശംഖുമുഖം കടപ്പുറം, അരുവിക്കര,വര്‍ക്കല പാപനാശം,അരുവിപ്പുറം, ആലുവ മണപ്പുറം, ഭാരതപ്പുഴയോരത്ത് തിരുവില്വാമല ഐവര്‍മഠം തുടങ്ങി തലസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മൂന്നു മണി മുതല്‍ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ആലുവ മണപ്പുറത്ത് പെരിയാറിന്റെ തീരത്ത് 200 ഓളം ബലിത്തറകള്‍ ഒരുക്കിയിരുന്നു. ആലുവ അദൈ്വതാശ്രമത്തിലും ബലിത്തറകള്‍ ഒരുക്കി. പുലര്‍ച്ചെ മൂന്ന് മണിമുതല്‍ പെരിയാറിന്റെ ഇരുകരളിലുമുള്ള ബലിപ്പുരകളില്‍ ബലിയിടാന്‍ ജനപ്രവാഹം ആരംഭിച്ചിരുന്നു. ബലികര്‍മികളും സഹകര്‍മികളുമായി മുന്നൂറോളം പുരോഹിതന്മാരാണ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പതിനായിരങ്ങള്‍ ബലിയര്‍പ്പിക്കാനെത്തുന്ന ശംഖുംമുഖത്തും തിരുവല്ലത്തും പാപനാശത്തും പ്രത്യേക സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തിരുവല്ലത്ത് ഒരേ സമയം 2500 പേര്‍ക്ക് ബലിയര്‍പ്പിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിലവിലുള്ളതിന് പുറമേ 5 താത്കാലിക ബലിപ്പുരകള്‍ കൂടി നിര്‍മ്മിച്ചിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും അപകടങ്ങള്‍ തടയാനായി സിറ്റി പോലീസ് പ്രത്യേക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖത്തും പാപനാശത്തും സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. ആയിരത്തോളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളായ ആറ്റുകാല്‍ ക്ഷേത്രത്തിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും പുലര്‍ച്ചെ മുതല്‍ തന്നെ വലിയ തിരിക്കാണ് അനുഭവപ്പെട്ടത്.