നിലമ്പൂര്‍ വനഭൂമി ലേലം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
18 July 2012

നിലമ്പൂരിലെ 1161 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള കോടതി വിധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ. രാജുവാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്‌ടെന്നും എന്നാല്‍ ആ ബാധ്യത സര്‍ക്കാരിന് നിറവേറ്റാനാകുന്നില്ലെന്നും കെ. രാജു കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്ലീഡറും വനംവകുപ്പും ഗൗരവമായിട്ടെടുക്കാത്തതിനാലാണ് ഇത്തരത്തില്‍ കോടതി വിധിയുണ്ടായതെന്നും കെ. രാജു ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായിട്ടില്ലെന്നും വനംവകുപ്പിനെ കക്ഷിചേര്‍ക്കാതെ രണ്ട് സ്വകാര്യ വ്യക്തികള്‍ നല്‍കിയ അന്യായത്തിലാണ് കോടതി വിധിയുണ്ടായതെന്നും വനംമന്ത്രി ഗണേഷ്‌കുമാര്‍ മറുപടി നല്‍കി. പത്രങ്ങളിലെ കോടതി പരസ്യം വഴി വിധി അറിഞ്ഞയുടന്‍ തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചു. വനംവകുപ്പിനെ കബളിപ്പിച്ചു വനഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി നടപടിയെടുക്കുമെന്നും കോടതി വിധി സ്റ്റേ ചെയ്യാനാവശ്യമായ നടപടി സ്വീകരിച്ചുതുടങ്ങിയതായും മന്ത്രി പറഞ്ഞു.