ദുബായില്‍ മത്സ്യബന്ധന ബോട്ടിനു നേരെ വെടിവയ്പ്പ്; ഇന്ത്യക്കാരന്‍ മരിച്ചു

single-img
17 July 2012

ദുബായില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനു നേരെ കപ്പലില്‍ നിന്നു വെടിവയ്പ്പ്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് രാമനാഥപുരം ജില്ലയിലെ പെരിയപട്ടണം സ്വദേശിയായ ശേഖറാണ് മരിച്ചത്. യുഎസ് നാവിക സേനയുടെ കപ്പലില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയുടെ യുഎസ്എന്‍എസ് റാപ്പന്‍നോക് കപ്പലാണ് ആക്രമണം നടത്തിയത്. മുരുകന്‍, മുനിരാജ്, പന്‍പുവന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. മത്സ്യബന്ധന ബോട്ടിനു ഒന്നിലേറെ തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. യുഎസ് നാവികസേനയുടെ കപ്പലിനു നേരെ അടുത്തുകൊണ്ടിരുന്ന ബോട്ടിലെ ജീവനക്കാര്‍ക്കു തിരിച്ചുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും എന്നാല്‍ ഇതവഗണിച്ച ബോട്ട് കൂടുതല്‍ സമീപത്തേയ്ക്കുവന്നപ്പോഴാണ് ആക്രമണം നടത്താന്‍ യുഎസ് സേന നിര്‍ബന്ധിതരായെന്നും അമേരിക്കന്‍ സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. ഇറാന്റെ ബോട്ടാണെന്നു തെറ്റിദ്ധരിച്ചാണ് അമേരിക്കന്‍ നേവി വെടിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.