സിറിയയില്‍ വീണ്ടും കൂറുമാറ്റം

single-img
13 July 2012

ഇറാക്കിലെ സിറിയന്‍ സ്ഥാനപതി നവാഫ് അല്‍ ഫാരസ് കൂറുമാറി വിമതര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. അസാദ് വിരുദ്ധരോടൊപ്പം ചേരുന്ന ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞനാണ് ഫാരസ്. ഫാരസിനെ ചുമതലകളില്‍ നിന്നു നീക്കിയതായി ഡമാസ്‌കസില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ സിറിയന്‍ ഭരണകൂടം അറിയിച്ചു. എംബസിയുടെ പ്രവര്‍ത്തനം ക്രമപ്രകാരം നടക്കും. ഇതേസമയം വിപ്‌ളവത്തില്‍ പങ്കെടുക്കാനും രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാനും സിറിയന്‍ സൈന്യത്തെ ഫാരസ് ആഹ്വാനം ചെയ്തു. ഫാരസ് ഇപ്പോള്‍ ഖത്തറിലാണെന്ന് ഇറാക്കിന്റെ വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരി പാരീസില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. അസാദിന് ഉറച്ച പിന്തുണ നല്‍കിയിരുന്ന ഫാരസിന്റെ കൂറുമാറ്റം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.