വാളകം കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു

single-img
12 July 2012

കോളിളക്കം സൃഷ്ടിച്ച വാളകം കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ കൃഷ്ണകുമാറില്‍ നിന്നും ഭാര്യ ഗീതയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഇന്നലെ രാവിലെ സിബിഐ എസ്.പി പി കെ രഘുകുമാര്‍, അഡീഷനല്‍ എസ്.പി നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘമാണ് വാളകത്തെത്തിയത്. രാമവിലാസം സ്‌കൂളിലെത്തിയ സംഘം അധ്യാപകന്‍ കൃഷ്ണകുമാറിനെയും പ്രഥമാധ്യാപികയായ ഭാര്യ ഗീതയെയും സമീപത്തെ അവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. സിബിഐ സംഘത്തിന്റ കാറില്‍ തന്നെ കൃഷ്ണകുമാറിനേയും കൂട്ടി സംഭവം നടന്ന വാളകം എംഎല്‍എ ജംഗ്ഷനിലെത്തി. കൃഷ്ണകുമാര്‍ പരിക്കേറ്റ് കിടന്ന സ്ഥലം വീക്ഷിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി ഷാനവാസ്, പരുക്കേറ്റ അധ്യാപകനെ ആശുപത്രിയിലെത്തിച്ച ഹൈവേ പോലിസിലെ എസ്‌ഐ, സിപിഒ എന്നിവരെ സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് അന്ന് നടന്ന സംഭവത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ചോദിച്ചു. ഒപ്പം തന്നെ സംഭവം ആദ്യം കണ്ടു എന്നു പറയുന്ന ബൈക്ക് യാത്രികനായ യുവാവിനെയും വരുത്തിയിരുന്നു. ഇയാളോടും സംഭവത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ തേടി.