ധാരാസിംഗ് അന്തരിച്ചു

single-img
11 July 2012

രാമയണം പരമ്പരയിലെ ഹനുമാനായി അഭിനയിച്ച് പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയത്തിലിടം നേടിയ ഹിന്ദി സിനിമാ നടന്‍ ധാരാസിംഗ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്കു വകയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇന്നലെ ധാരാസിംഗിനെ വെന്റിലേറ്ററില്‍ മുംബൈയിലെ സ്വവസതിയിലേയ്ക്കു മാറ്റിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

നാലു ദിവസം മുമ്പാണ് ധാരാസിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തം കട്ടപിടിച്ചതു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു. ഗുസ്തിക്കാരനായിരുന്ന ധാരാസിംഗ് കിങ്ങ്‌കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ബോളിവുഡില്‍ പ്രശസ്തനായത്. 1967ല്‍ സാത്ത് സമുന്ദര്‍ പര്‍ ആണ് ധാരാസിംഗിന്റെ ആദ്യ ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഇംതിയാസ് അലിയുടെ 2007 ല്‍ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.