കണ്ണിന് പരിക്ക്: മാര്‍ക്ക് ബൗച്ചര്‍ക്ക് വേദനാജനകമായ വിരമിക്കല്‍

single-img
11 July 2012

പരിശീലന മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം സൊമര്‍സെറ്റിനെതിരേ കളിച്ച പരിശീലന മത്സരത്തിന്റെ ആദ്യ ദിനമാണ് ബൗച്ചറിന് പരിക്കേറ്റത്. സൊമര്‍സെറ്റ് താരം ജീമാല്‍ ഹുസൈനെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന ബൗച്ചറിന്റെ ഇടത് കണ്ണിലേക്ക് ബെയ്ല്‍ തെറിച്ചാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട ബൗച്ചറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. ഉടന്‍ തന്നെ ബൗച്ചര്‍ നാട്ടിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്. ബൗച്ചര്‍ ക്രിക്കറ്റിനോട് വിടപറയുന്ന കാര്യം ക്യാപ്റ്റന്‍ ഗ്രയിം സ്മിത്താണ് അറിയിച്ചത്. കണ്ണിന് പരിക്കേറ്റതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരാന്‍ കഴിയില്ലെന്ന് ബൗച്ചര്‍ അറിയിച്ചു. ട്വന്റി-20, ഏകദിനം എന്നിവയില്‍ നിന്നും നേരത്തെ വിരമിച്ച ബൗച്ചര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് തുടര്‍ന്ന് വന്നിരുന്നത്.