കുട്ടിയെ മൂത്രം കുടിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന് ജാമ്യം

single-img
9 July 2012

ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂത്രം കുടിപ്പിച്ച കേസില്‍ അറസ്റ്റിലായ ഹോസ്റ്റല്‍ വാര്‍ഡന് കോടതി ജാമ്യം അനുവദിച്ചു. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയതിന് രക്ഷിതാക്കള്‍ക്കെതിരെയും കേസെടുത്തിരുന്നെങ്കിലും ഇവര്‍ക്കും കോടതി ജാമ്യമനുവദിച്ചു. രാത്രിയില്‍ ഉറക്കത്തിനിടെ കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടിയെക്കൊണ്ട് അവളുടെ തന്നെ മൂത്രം കുടിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ഈ സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് തന്റെ മകള്‍ ഒരിക്കലും മുക്തയാവില്ലെന്നും കുറ്റവാളികള്‍ നിര്‍ബന്ധമായും ശിക്ഷിക്കപ്പെടണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.