‘മഴയുടെ കാമുകന്റെ’ വേര്‍പാടിന് പത്തു വയസ്സ്

single-img
9 July 2012

മഴയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി ഒരു പക്ഷേ വിക്ടറായിരിക്കണം. തിരിച്ചും. 2002 ജൂലായ് 9 ചൊവ്വാഴ്ചയാണ് വിക്ടര്‍ ജോര്‍ജ് തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ് ടു കാമറയില്‍ അവസാനമായി വിരലമര്‍ത്തിയത്. ഉടുന്പന്നൂരിലെ വെണ്ണിയാനി മലയില്‍ നിന്നും വെളളപ്പാച്ചിലിനൊപ്പം അലറിപ്പാഞ്ഞു വന്ന കല്ലുരുളുകളെ ഒരു കാമറയുടെ ക്ലിക്ക് കൊണ്ടാണ് വിക്ടര്‍ വെല്ലുവിളിച്ചത്. തന്നെ വല്ലാതെ പ്രണയിച്ച, തന്റെ രൗദ്രതകളിലേയ്ക്ക് ഭയമില്ലാതെ നടന്നു വന്ന വിക്ടറിനോട് പ്രകൃതിയ്ക്ക് അസൂയ തോന്നിയിട്ടുണ്ടാകും. ഒരു വേള പകയും.

കലിതുളളുന്ന പ്രകൃതിയുടെ മുന്നില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപെട്ടപ്പോള്‍ നേരെ എതിരെയാണ് വിക്ടര്‍ പോയത്. ഒരു കാമറ ക്ലിക്കു കൊണ്ട് തന്നെ ആവാഹിക്കാന്‍ ശ്രമിക്കുന്ന, ഒരു ഫ്രെയിമിന്റെ ചതുരത്തിലേയ്ക്ക് താനുയര്‍ത്തിയ ഭീതിയെ തളച്ചിടാന്‍ നോക്കുന്ന വിക്ടറിനോട് പകയായിരുന്നിരിക്കണം പ്രകൃതിയ്ക്ക്. കൂസലില്ലാത്തവനെ, മരണത്തെ ഭയക്കാത്തവനെ, ജീവനെക്കാള്‍ ഫ്രെയിമുകളെ പ്രണയിച്ചവനെ പ്രകൃതി തിരിച്ചുവിളിച്ചു.
വീണ്ടും നമുക്കോര്‍ക്കാം ആ ഫ്രെയിം. വിക്ടറിന്റെ സുഹൃത്ത് തൊടുപുഴക്കാരന്‍ ജിയോ ടോമിയെടുത്ത ആ അവസാന ചിത്രം. കുട പിടിച്ച്, പാന്റ്‌സ് തെറുത്തു കയറ്റി, മലയുടെ മുകളിലേയ്ക്ക് നടന്നു പോയ വിക്ടര്‍ ജോര്‍ജ്…