രമേശ് ചെന്നിത്തലയുടെ സുരക്ഷക്കായി രണ്ട് ഗണ്‍മാന്‍മാര്‍

single-img
5 July 2012

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ വധിക്കുന്നതിന് മുംബൈയില്‍ നിന്ന് രണ്ട് പേര്‍ കേരളത്തിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷക്കായി രണ്ട് ഗണ്‍മാന്‍മാരെ നിയമിച്ച് ഇന്നലെ രാത്രിയില്‍ ആഭ്യന്തരവകുപ്പ് ഉത്തരവായി. കൂടാതെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഷാഡോ പോലീസിനെ നിയോഗിക്കാനും ആഭ്യന്തരവകുപ്പ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വധ ഭീഷണി കാര്യമാക്കുന്നില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഇന്നലെ ഉച്ചക്കാണ് ഡല്‍ഹിയിലെ ഒരു മാധ്യമപ്രവര്‍ത്തകന് രമേശ് ചെന്നിത്തലയെ വധിക്കാന്‍ മുംബൈയില്‍ നിന്ന് രണ്ട് പേര്‍ കേരളത്തിലെത്തിയിട്ടുണെ്ടന്ന അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ഇന്നലെ തന്നെ അന്വേഷണമാരംഭിക്കുകയും തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്നാണ് ഫോണ്‍ സന്ദേശമെത്തിയതെന്നും കണെ്ടത്തിയിരുന്നു. വധ ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയുമായിരുന്നു.