Kerala

എ നിലവറ ഇന്ന് തുറക്കും

തിരുവനന്തപുരം:ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറ ഇന്ന് തുറന്ന് കണക്കെടുപ്പ് നടത്തും.സുപ്രീം കോടതി നിയോഗിച്ച ഉന്നത സമിതിയുടെ തീരുമാന പ്രകാരമാണ് നിലവറയിലെ കണക്കെടുപ്പ് ആരംഭിക്കുന്നത്.ഇന്നു രാവിലെ ഒമ്പതിന് നിലവറയിലെ വാതിലുകൾ തുറക്കും.പത്തു ലക്ഷം കോടി വിലമതിക്കുന്ന വസ്തുക്കൾ ഈ നിലവറയിലുണ്ടെന്നാണ് അനുമാനം.നിലവറയ്ക്കുള്ളിൽ വായു സഞ്ചാരമില്ലാത്തതിനാൽ അതു ലഭ്യമാക്കാനുള്ള നടപടിയെടുക്കും. നിലവറയിലെ കണക്കെടുപ്പ് പൂർത്തിയാക്കാൻ നാലഞ്ചു മാസങ്ങളെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.ചാക്കുകളിലും ഇരുമ്പു പെട്ടികളിലുമായാണു സ്വര്‍ണവും കല്ലുകള്‍ പതിച്ച ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത്. സി, ഡി നിലവറകളിലെ കണക്കെടുപ്പു പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് എ നിലവറ തുറക്കാന്‍ തീരുമാനിച്ചത്. സഹസ്ര കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ശേഖരം ഈ നിലവറയില്‍ ഒരു വര്‍ഷം മുന്‍പത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.കനത്ത സുരക്ഷയിലായിരിക്കും ഇതിന്റെ കണക്കെടുപ്പ്.ഓരോന്നിന്റെയും വിശദ കണക്കെടുപ്പു നടത്തുമെങ്കിലും മൂല്യനിര്‍ണയം നടത്തില്ല. എല്ലാം വിഡിയോയില്‍ ചിത്രീകരിച്ച് ഐഎസ്ആര്‍ഒ ഒരുക്കിയ സെര്‍വറില്‍ ശേഖരിക്കും.ജര്‍മനിയില്‍ നിന്നു വാങ്ങിയ ആധുനിക ഉപകരണവും കണക്കെടുപ്പിന് ഉപയോഗിക്കും. വജ്രങ്ങളും രത്‌നങ്ങളും പരിശോധിക്കാനുള്ള ലാബ് അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി. ഒപ്പം, ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സമിതി നിലവറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തും.