കെ. സുധാകരന്റെ വിവാദ പ്രസംഗം സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം

single-img
4 July 2012

കെ. സുധാകരന്‍ എംപിയുടെ വിവാദ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്. കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. കൊട്ടാരക്കരയിലായിരുന്നു സുധാകരന്റെ പ്രസംഗം. അഡ്വ. നെയ്യാറ്റിന്‍കര നാഗരാജു നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മ്യൂസിയം പോലീസാണ് സുധാകരനെതിരേ കേസെടുത്തിരുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പരാതിക്കാരന്‍ വീണ്ടും നല്‍കിയ ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.