പ്രണാബിനെതിരേ സംഗ്മ കോടതിയിലേക്ക്

single-img
4 July 2012

യുപിഎ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജി ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പദവി രാജിവച്ചുകൊണ്ടു കൈമാറിയ കത്ത് വ്യാജമാണെന്ന് ആരോപിച്ചു എതിര്‍സ്ഥാനാര്‍ഥി പി.എ. സംഗ്മ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നാമനിര്‍ദേശ പത്രികയ്ക്ക് അംഗീകാരം ലഭിക്കാന്‍ വേണ്ടി കത്ത് കെട്ടിച്ചമയ്ക്കുകയായിരുന്നെന്ന് ആരോപിച്ച ബിജെപി, ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിനു വേണ്ടി കാത്തിരിക്കുകയാണെന്നു വ്യക്തമാക്കി.
കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന പ്രണാബ്, ആ പദവി രാജിവയ്ക്കാതെയാണു മത്സരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ സ്ഥാനാര്‍ഥി സംഗ്മ പരാതി നല്‍കിയിരുന്നത്. പ്രണാബിന്റെ പത്രിക തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ 20നു തന്നെ പദവി രാജിവച്ചിരുന്നതാണെന്നു വ്യക്തമാക്കി പ്രണബ് നല്‍കിയ വിശദീകരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പത്രിക വരാണാധികാരി അംഗീകരിക്കുകയായിരുന്നു. രാജിവച്ചതായി പ്രണാബ് നല്‍കിയ കത്തിലെ ഒപ്പ് വ്യാജമാണെന്നാണു സംഗ്മയും ബിജെപിയും പുതുതായി ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. രണ്ടു തരത്തിലുള്ള ഒപ്പിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇവരുടെ വാദങ്ങള്‍ വരണാധികാരി അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. കമ്മീഷന്‍ പ്രണാബിന്റെ പത്രിക തള്ളിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും സംഗ്മയും ബിജെപിയും തീരുമാനിച്ചിട്ടുമുണ്ട്.