എം.എം.മണിയുടെ അപേക്ഷ തള്ളി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന

single-img
3 July 2012

വിവാദപ്രസംഗത്തിന്റെ പേരില്‍ പ്രതിയായ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം. എം. മണിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഇന്നലെ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി മൊഴി നല്‍കാതെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ 10 ദിവസത്തെ സാവകാശം ചോദിച്ചു മാറിനിന്ന സാഹചര്യത്തിലാണ് അറസ്റ്റിനുള്ള നീക്കമാരംഭിച്ചത്. മണിയുടെ അപേക്ഷ തള്ളി ക്കൊണ്ടാണ് അന്വേഷണസംഘം നിയമനടപടികളുമായി ശക്തമായി മുന്നോട്ടു പോകാ ന്‍ തീരുമാനിച്ചത്. അന്വേഷണത്തിനു മേല്‍നോട്ടം നടത്തുന്ന ഐജി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് അപേക്ഷ തള്ളിക്കളയാന്‍ തീരുമാനിച്ചത്. മണിക്കുപകരം ഹാജരായ അഭിഭാഷകരായ എന്‍.എന്‍. മോഹനന്‍, ഏബിള്‍ കുര്യന്‍ എന്നിവരാണു മൊഴി നല്‍കാന്‍ എത്തിച്ചേരാന്‍ പത്തുദിവസത്തെ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘത്തിനു മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്. മണിക്കെതിരേ എടുത്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനാലാണ് ഇതെന്ന് അഭിഭാഷകര്‍ സൂചന നല്‍കി.

എന്നാല്‍ ചോദ്യം ചെയ്യലിനു കൂടുതല്‍ സമയം അനുവദിക്കാന്‍ നിയമവ്യവസ്ഥയില്ലെന്നു പ്രത്യേക അന്വേഷണസംഘത്തിനു നേതൃത്വം വഹിക്കുന്ന ഐജി കെ. പത്മകുമാര്‍ മാധ്യമങ്ങളോടു പറ ഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിന്റെ അന്വേഷണം നീട്ടികൊണ്ടു പോകാന്‍ സാധിക്കില്ലെന്നു പറഞ്ഞ ഐജി കേസന്വേഷണവുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി.