മുംബൈ ആക്രമണം: ഭീകരര്‍ക്ക് 40 ഇന്ത്യക്കാരുടെ സഹായം കിട്ടിയെന്നു പാക്കിസ്ഥാന്‍

single-img
3 July 2012

മുംബൈ ആക്രമണം നടത്തിയ ഭീകരര്‍ക്ക് നാല്പത് ഇന്ത്യക്കാരുടെ സഹായം ലഭിച്ചെന്ന വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. ഈയിടെ ഇന്ത്യയുടെ പിടിയിലായ അബു ജിന്‍ഡാല്‍ (അന്‍സാരി) എന്ന ഭീകരന്‍ മുംബൈ ആക്രമണം സംബന്ധിച്ചു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് പാക് അധികൃതര്‍ പുതിയ വാദം ഉന്നയിച്ചത്. അന്‍സാരിയെ സൗദി അധികൃതരാണ് ഇന്ത്യക്ക് കൈമാറിയത്. ഞങ്ങള്‍ക്കു കിട്ടിയ വിവരം അനുസരിച്ച് മുംബൈ ആക്രമണം നടത്തിയ ഭീകരരെ 40 ഇന്ത്യന്‍ പൗരന്മാര്‍ സഹായിച്ചു. ഇതു സംബന്ധിച്ച എല്ലാ വിവരവും പുറത്തുപറയാന്‍ ഇന്ത്യ തയാറാവണം- പാക് വിദേശമന്ത്രാലയത്തിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതായി ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്തു. പാകിസ്ഥാന്റെ ഈ വെളിപ്പെടുത്തല്‍ രാജ്യന്തര തലത്തില്‍ ഒരു വന്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.