ഹാജരാകില്ല:മണി സുപ്രീം കോടതിയിലേക്ക്

single-img
2 July 2012

തൊടുപുഴ:വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ചൊദ്യംചെയ്യലിനായി സിപിഎം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം എം മണി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായില്ല.ഇന്നു രാവിലെ പത്ത് മണിയ്ക്ക് തൊടുപുഴ ഡിവൈഎസ് പി ഓഫീസിൽ എത്താനാണ് മണിക്ക് നോട്ടീസ് നൽകിയിരുന്നത്.എന്നാൽ പത്ത് ദിവസത്തെ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മണിയുടെ അഭിഭാഷകന്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മണി അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മണി സുപ്രീം കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് അവധി ആവശ്യപ്പെട്ടതെന്നു അപേക്ഷയിൽ പറയുന്നു.ഇതിനായി മണി ഇന്ന് ഡൽഹിയിലേക്ക് പോകുമെന്ന് അഭിഭാഷകർ പറഞ്ഞു.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ മണി ഇന്ന് ഹാജരാകുമെന്ന് സൂചനയുണ്ടായിരുന്നു.വീട്ടില്‍ നിന്നും തൊടുപുഴയ്ക്ക് തിരിക്കുകയും ചെയ്തതോടെ ഹാജരാകുമെന്ന റിപ്പോർട്ടുകൾ വന്നു. ചോദ്യംചെയ്യലില്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മണിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹവുണ്ടായിരുന്നു. എന്നാൽ സുപ്രീം കോടതി അഭിഭാഷകരുടെ നിർദ്ദേശത്തെത്തുടർന്ന് പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു.മണിയ്ക്കു വേണ്ടി നാല് അഭിഭാഷകരാണ് തൊടുപുഴ ഡി വൈ എസ് പി ഓഫീസിൽ ഹാജരായത്.