സിപിഎം ഹര്‍ത്താല്‍ പൂര്‍ണ്ണം; കോഴിക്കോട് ജില്ലയില്‍ പരക്കെ അക്രമം

single-img
30 June 2012

ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനെ അറസ്്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണം. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജില്ലയിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട് അരീക്കാട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.കോവൂരില്‍ ഹര്‍ത്താലനൂകുലികള്‍ കാര്‍ തടഞ്ഞു യാത്രക്കാരെ അക്രമിച്ചു. കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് -ഗുരുവായൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. പുതിയങ്ങാടിക്ക് സമീപം കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞു. കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മീഞ്ചന്തയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. രാമനാട്ടുകരയില്‍ വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താലനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവമ്പാടി ആനക്കാംപൊയില്‍ റൂട്ടിലോടുന്ന ബസുകള്‍ പൂല്ലുരാംപാറ വെച്ച് ഹര്‍ത്താലാനുകൂലികള്‍ തടഞ്ഞു. ഇതോടെ തിരുവമ്പാടി ഡിപ്പോയില്‍ നിന്നോടുന്ന സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചു. താമരശേരി-ഈങ്ങാപ്പുഴ റൂട്ടിലോടുന്ന ബസുകളും തടഞ്ഞു. കോണ്‍വോയ് വഴി പോലീസ് സംരക്ഷണത്തോടെ ചില പാതകളിലേക്ക് അടിയന്തര സര്‍വീസ് നടത്തും. വടകരയിലും ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും മാത്രമേ കോഴിക്കോട് നിരത്തില്‍ ഓടുന്നുളളൂ. എയര്‍പോര്‍ട്ട്, ആശുപത്രി ബോര്‍ഡുകള്‍വെച്ചുള്ള വാഹനങ്ങളും ചുരുക്കം ചില ബൈക്കുകളും മാത്രമാണ് നഗരത്തിലൂടെ ഓടിയത്.