ശ്രീപത്മനാഭസ്വാമി ക്ഷേത്രം: 10 ലക്ഷം കോടി രൂപയുടെ നിധിശേഖരമുള്ള എ നിലവറ അടുത്തയാഴ്ച തുറക്കും

single-img
29 June 2012

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറ അടുത്തയാഴ്ച തുറക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂല്യനിര്‍ണയ സമിതി തീരുമാനിച്ചു. തുറക്കുന്ന തീയതി പിന്നീടു തീരുമാനിക്കും. രത്‌നത്തിന്റെ കാരറ്റ് പരിശോധനയ്ക്കായി കെല്‍ട്രോണ്‍ വഴി വാങ്ങിയ ഉപകരണം അടുത്തയാഴ്ച പകുതിയോടെ സ്ഥാപിക്കും. ഇതു കഴിഞ്ഞാവും കണക്കെടുപ്പ് ആരംഭിക്കുക. പരിശോധനയ്ക്ക് മൂന്നുമാസം മുതല്‍ ആറുമാസംവരെ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.

27.5 കിലോയുടെ സ്വര്‍ണ ഉരുളി, പൂജയ്‌ക്കെടുക്കാനുള്ള 360 സ്വര്‍ണക്കുടങ്ങള്‍, 3000 ശരപ്പൊളിമാലകള്‍ തുടങ്ങിയവയാണ് നിധി ശേഖരത്തിലുള്ളത്. ശരപ്പൊളിമാലയില്‍ പലതിനും രണ്ടര കിലോയോളം തൂക്കവും 18 അടി നീളവുമുണ്ട്്. സ്വര്‍ണ അരപ്പട്ട, രത്‌നപാത്രം, ചുവപ്പു നിറത്തിലുള്ള വലിയ മാണിക്യക്കല്ലുകള്‍, ഇന്ദ്രനീലക്കല്ലുകള്‍, വൈഢൂര്യം തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. സ്വര്‍ണ അങ്കികള്‍, തങ്കക്കുടകള്‍, സ്വര്‍ണപാദങ്ങള്‍, രത്‌നകിരീടം തുടങ്ങിയവയും ശേഖരത്തില്‍പ്പെടും. സ്വര്‍ണ ഉരുപ്പടികള്‍ മാത്രം 4500 കിലോയോളം വരുമെന്നാണു കണക്കാക്കിയത്.

പ്രധാന ക്ഷേത്രത്തില്‍നിന്നു കുറച്ചകലെയാണ് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള തിരുവമ്പാടി ക്ഷേത്രം. ഇതിനു പുറത്താണ് ക്ഷേത്രത്തിന്റെ വന്‍മതിലും നാലു കവാട ങ്ങളും സ്ഥിതി ചെയ്യുന്നത്.എ നിലവറയിലെ കണക്കെടുപ്പു തീര്‍ന്നാ ല്‍ ബി നിലവറ തുറക്കും. സ്വര്‍ണത്തില്‍ തീര്‍ത്ത അമ്മി, സ്വര്‍ണത്തില്‍ തീര്‍ത്ത ഉരുളികള്‍, വലിയ സ്വര്‍ണക്കട്ടികള്‍ എന്നിവയാണു ബി നിലവറയില്‍ പ്രതീക്ഷിക്കുന്നത്. ബി നിലവറയില്‍ അമ്പതു ലക്ഷം കോടി രൂപയുടെയെങ്കിലും നിധിശേഖരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.