ടി.പി. വധം: പി. മോഹനന്‍ അറസ്റ്റില്‍

single-img
28 June 2012

ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസില്‍ കോഴിക്കോട്ടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനന്‍ അറസ്റ്റില്‍. ഇന്നു രാവിലെ കൊയിലാണ്ടിയില്‍വച്ചാണ് പി. മോഹനനെ അന്വേഷണ ഉദ്യോസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോഴിക്കോട് ഡി.വൈ.എസ്.പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടകീയമായി മോഹനനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എം.ദാസന്‍ അനുസ്മരണച്ചടങ്ങിന് ശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങവെയായിരുന്നു മോഹനനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മോഹനന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഏതാനും ദിവസങ്ങളായി പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നതിനാലാണ് മോഹനന്റെ അറസ്റ്റ് വൈകിയത്. വടകര പോലീസ് ക്യാമ്പ് ഓഫീസില്‍ എത്തിച്ച് മോഹനനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.