ബാങ്കുകളുടെ സ്വർണ്ണ നാണയ വില്പനയിൽ നിയന്ത്രണം വരുന്നു

single-img
28 June 2012

മുംബൈ:ബാങ്കുകൾ വഴിയുള്ള സ്വർണ്ണ നാണയ വില്പനയ്ക്ക് നിയന്ത്രണം വരുന്നു.ഇറക്കുമതി ഉയർന്നതിനെത്തുടർന്ന് ധനക്കമിറ്റി വർദ്ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആർബിഐ ഈ നടപടിക്കൊരുങ്ങുന്നത്.ബാങ്കിങ് റഗുലേഷന്‍ ആക്ട് അനുസരിച്ച് ബാങ്കുകള്‍ക്ക് ഉത്പന്ന വ്യാപാരം നടത്താന്‍ അനുമതിയില്ലെങ്കിലും 2008 ലെ സാമ്പത്തിക മാന്ദ്യകാലത്തിന് മുമ്പ് അധിക ഡോളര്‍ ഒഴിവാക്കുന്നതിനായി ഈ നിയമം താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു. അന്ന് രൂപ ശക്തമായ നിലയിലായിരുന്നതിനാല്‍ ഡോളറിന്റെ വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയായിരുന്നു.എന്നാൽ ഇതിനുശേഷവും ബാങ്കുകൾ സ്വർണ്ണ വില്പന തുടരുകയായിരുന്നു എന്ന് ആർ ബി ഐ വക്താക്കൾ ചൂണ്ടി കാണിക്കുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ വില്പനതുടർന്നാൽ സ്ഥിതി കൂടുതൽ വശളാകുമെന്നതിനാലാണ് ഇത്തരമൊരു നടപടിയുമായി റിസർവ്വ് ബാങ്ക് രംഗത്തു വരുന്നത്.കഴിഞ്ഞ ആഗസ്റ്റിന് ശേഷം രൂപയുടെ വിലയില്‍ 30 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്. ധനക്കമ്മി തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിതമേഖലയിലേക്ക് പോകുന്നത് ബാങ്കിങ് മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.2011 ൽ ഇന്ത്യ 969 ടൺ സ്വർണ്ണം ഇറക്കു മതി ചെയ്തിരുന്നു.മുൻ വർഷം 958 ടണ്ണായിരുന്നു ഇതിന്റെ അളവ്.അതേ സമയം ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന് ആവശ്യം കയറുന്നതായി അഹമ്മദാബാദ് ബുള്ള്യൻ ഡെസ്ക് മേധാവി പാർക്കർ അഭിപ്രായപ്പെട്ടു.യൂറോപ്യൻ സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ വിലയിടിവുമാണ് അദ്ദേഹം ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.