അബു ജുന്‍ഡാലിനെ മുംബൈ പോലീസിനു ലഭിച്ചില്ല

single-img
28 June 2012

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബു ജുന്‍ഡാലിനെ മുംബൈ പോലീസിനു കൈമാറാന്‍ കോടതി വിസമ്മതിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാതെ വിട്ടു തരാനാവില്ലെന്നു ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് വിനോദ് യാദവ് മുംബൈ പോലീസിന്റെ അപേക്ഷ തള്ളിയത്. ഇതേത്തുടര്‍ന്നു മുംബൈ പോലീസ് പുതിയ അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ കോടതി ജൂലൈ അഞ്ചിനു പരിഗണിക്കും. സൗദി അറേബ്യയിലെ റിയാദില്‍നിന്നു ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ജുന്‍ഡാലിനെ(30) കഴിഞ്ഞ ദിവസമാണു ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ലഷ്‌കര്‍ ഇ തോയിബയുടെ കമാന്‍ഡറാണ് അബു ഹംസ എന്നുകൂടി പേരുള്ള സയീദ് സബിയുദ്ദീന്‍ അന്‍സാരി. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ സഹായിക്കാന്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ തയാറാക്കിയ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്ന ആറു പേരില്‍ ഒരാളാണ് ഇയാള്‍.