കാടിന്റെ മക്കളുടെ അവസാനശ്വാസം

single-img
26 June 2012

പരിഷ്‌കൃത സമൂഹത്തിലെ മുഖ്യധാരയുടെ ശ്രദ്ധയില്‍ പെടാത്ത മൂന്ന്‌ ഗോത്ര വര്‍ഗങ്ങളുടെ ജീവിതരീതിയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുമാണ്‌ ഉണ്ണികൃഷ്‌ണന്‍ ആവള രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒടുവിലത്തെ താള്‍ ‘ എന്ന ഡോക്യമെന്ററി പ്രേക്ഷകര്‍ക്കു മുമ്പിലെത്തിക്കുന്നത്‌. നിലമ്പൂര്‍ ഉള്‍ക്കാടുകളില്‍ നാഗരിക സമൂഹം വംശഹത്യക്ക്‌ ഇരയാക്കിക്കൊണ്ടിരിക്കുന്ന പശ്ചിമഘട്ട താഴ്‌വരയിലെ ചോലനായ്‌ക്കര്‍, അറനാടാന്‍,ആളര്‍ എന്നീ ഗോത്രങ്ങളുടെ ജീവിതത്തിന്റെ അവസാനത്തെ താള്‍ എന്ന നിലയിലാണ്‌ ഈ ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്‌.

മലബാറിന്റെ പ്രകൃതിസൗന്ദര്യം വശ്യമായി നിറഞ്ഞു നില്‍ക്കുന്ന നിലമ്പൂര്‍ വനമേഖലകളിലെ ഉള്‍കാടുകളില്‍ ചോലനായ്‌ക്കര്‍ എന്ന ഗോത്രങ്ങളെ കാണപ്പെടുന്നു. തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന മലകളിലും നെടുങ്കയം, കരുവാരക്കുണ്ട്‌, കാളികാവ്‌ വനമേഖലകളിലെ ഗുഹകളിലും ഇവരെ കാണപ്പെടുന്നു. ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാവാസിഗോത്രമായ ചോലനായ്‌ക്കര്‍ ശക്തമായ ഗോത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരും ഔഷധ മൂല്യമുള്ള വനവിഭവങ്ങളുടെ വില്‍പനയിലൂടെ ജീവിതം മുന്നോട്ടു നീക്കുന്നവരുമാണ്‌ . ഇവര്‍ക്കിടയില്‍ പുകയില ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നുണ്ട്‌. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന പുകയില സര്‍ക്കാര്‍ സൊസൈറ്റികള്‍ വഴിയാണ്‌ വിതരണം ചെയ്യുന്നത്‌. അന്ധവിശ്വാസത്തിലും കൂടോത്രങ്ങളിലും അതീവ താല്‍പര്യം പുലര്‍ത്തുന്ന ഈ ഗോത്രക്കാര്‍ക്കിടയില്‍ മദ്യപാനവും വളരെകൂടുതലാണ്‌. നിരവധി മാറാരോഗങ്ങള്‍ ഈ സമൂഹത്തെ വേട്ടയാടികൊണ്ടിരിക്കുകയാണ്‌. മുഖ്യധാര സമൂഹം ബോധപൂര്‍വ്വം മറക്കുകയും കാണാതിരിക്കുകയും ചെയ്യുന്ന ചില ഗോത്രവിഭാഗങ്ങളുടെ വേദനാജനകവും ആപല്‍ക്കരവുമായ ജീവിതവുമാണ്‌ ഈ ഡോക്യുമെന്ററി പകര്‍ത്തിയിരിക്കുന്നത്‌.

കാടിന്റെ മക്കള്‍ എന്ന്‌ വിശേഷിപ്പിക്കുന്ന ഇവരുടെ അന്തസും സ്‌ത്രീത്വവും പ്രകൃതിയും നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു. ഈ ഗോത്ര സമൂഹത്തിനിടയിലേക്ക്‌ മദ്യം ധാരാളമായി വിതരണം ചെയ്‌തും സ്‌ത്രീകളെ ബലാല്‍കാരം ചെയ്‌തും ആ സമൂഹത്തെ തന്നെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്‌. ഞെട്ടിക്കുന്ന ലൈംഗികചൂഷണസംഭവങ്ങളാണ്‌ ഡോക്യുമെന്ററി പുറത്തു കൊണ്ടുവരുന്നത്‌. ചെറുപ്പത്തിലേ മദ്യത്തിനടിപ്പെടുന്ന ആദിവാസിപ്പെണ്‍കുട്ടികള്‍ പരിഷ്‌കൃതരുടെ കുട്ടികളെ അച്ഛനാരെന്നറിയാതെ പ്രസവിക്കേണ്ടിവന്നത്‌ നമുക്കിവിടെ കാണാം.
കാട്ടിലും നാട്ടിലും പെടാത്തവര്‍ എന്ന നിലയിലാണ്‌ അറനാടന്‍മാരെ നാട്ടുകാര്‍ വിളിക്കുന്നത്‌. കാട്‌ കയ്യേറിയ നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉള്‍കാടുകളിലേക്ക്‌ വാസസ്ഥലം മാറ്റേണ്ടിവന്ന ഇക്കൂട്ടര്‍ വംശനാശം നേരിടുന്ന ഗോത്രക്കാരാണ്‌. കാട്ടിലെ വിഭവങ്ങള്‍ ശേഖരിച്ച്‌ ജീവിച്ചിരുന്ന ഇവരിപ്പോള്‍ ഭിക്ഷയാചിച്ചാണ്‌ ജീവിതം മുന്നോട്ട്‌്‌ നയിക്കുന്നത്‌. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഭാഗത്ത്‌ കാണപ്പെടുന്ന ആളര്‍ വിഭാഗത്തിലെ സ്‌ത്രീകള്‍ വളരെയധികം ലൈംഗികതക്ക്‌ ഇരയാക്കപ്പെടുന്നു. ലൈംഗിക ചൂഷണത്തിന്‌ ഉപയോഗിക്കുന്നതിനായി മകളെ വന്ധീംകരിക്കണമെന്നാവശ്യപ്പെടുന്ന രക്ഷിതാക്കളെയും ഈ വിഭാഗത്തില്‍ എയിഡ്‌സ്‌ രോഗികള്‍ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഈ ഡോക്യുമെന്ററി പുറത്തുകൊണ്ടുവരുന്നു.

ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളെ അടിച്ചോടിച്ച്‌ പുതിയ കുടിയേറ്റക്കാര്‍ ഭൂമിയുടെ ഉടമകളാവുകയും ആദിവാസി ക്ഷേമത്തിനായി ചിലവഴിക്കുന്ന കോടികള്‍ വഴിമാറിപ്പോകുകയും ചെയ്യുന്ന നടുക്കുന്ന യാഥാര്‍ത്ഥ്യം നമ്മെ ബോധ്യപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ്‌ ഒടുവിലത്തെ താള്‍ എന്ന്‌ പ്രശസ്‌ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരത്തിലുള്ള ഗോത്രവര്‍ഗക്കാര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന ചോദ്യമാണ്‌ ഈ ഡോക്യുമെന്ററി ഉയര്‍ത്തുന്നത്‌.