പോലീസുകാരന്‍ കുത്തേറ്റു മരിച്ച സംഭവം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്

single-img
26 June 2012

രാത്രി വാഹനപരിശോധനയ്ക്കിടെ പോലീസുകാരന്‍ കുത്തേറ്റു മരിക്കുകയും എഎസ്‌ഐക്കു കുത്തേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. കൊല്ലം ഈസ്റ്റ് എസ്‌ഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണു തമിഴ്‌നാട്ടിലേക്ക് പോയത്. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ കൊട്ടറ കൈത്തറ പൊയ്ക വീട്ടില്‍ മണിയന്‍പിള്ള (47) ആണു മരിച്ചത്. എഎസ്‌ഐ ചെങ്കുളം പനവിളവീട്ടില്‍ ജോയി (57)ക്കാണു കുത്തേറ്റത്. പാരിപ്പള്ളിക്കുസമീപം കുളമട ജവഹര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

ജീപ്പില്‍ നൈറ്റ് പട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന ജോയിയും മണിയന്‍പിള്ളയും കുളമടയില്‍ സംശയാസ്പദമായി കണ്ട മാരുതി ഓമ്‌നി വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. വാനിനുള്ളില്‍ മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും മാരകായുധങ്ങളും കണ്ടതിനെത്തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ ജീപ്പിലേക്കു കയറ്റി.ഇതിനിടെ, എഎസ്‌ഐയെ സംഘത്തിലുണ്ടായിരുന്നവര്‍ കുത്തി. ഇതുകണ്ട് തടയാനെത്തിയ ഡ്രൈവര്‍ക്കും നെഞ്ചിനു കുത്തേറ്റു. ഇതിനുശേഷം സംഘം പാരിപ്പള്ളി വഴി വര്‍ക്കല ഭാഗത്തേക്കു വാനില്‍ കടന്നുകളഞ്ഞു. കുത്തേറ്റങ്കിലും ജോയി വയര്‍ലെസ് വഴി വിവരം സമീപ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പരവൂര്‍ സിഐ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മണിയന്‍പിള്ള വഴിമധ്യേ മരിച്ചു. ജോയിയുടെ പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ജോയി അപകടനില തരണം ചെയ്തിട്ടുണ്ട്.