ഇന്ന് ആഗോള ലഹരി വിരുദ്ധ ദിനം

single-img
26 June 2012

മയക്കു മരുന്നുകള്‍ ഉപേക്ഷിക്കാനും, അത് ഉപയോഗിക്കുന്നവരെ ബോധവത്കരിക്കാനുമുള്ള ദിവസമാണ് ഇന്ന്. യുവതലമുറ ലഹരികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതു തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും പ്രചാരണവും തടയുന്നതിനായാണ് സമ്പൂര്‍ണ ലഹരി വിരുദ്ധ വിമുക്ത പഞ്ചായത്ത് എന്ന ആശയം രൂപീകരിച്ചതും നടപ്പാക്കിയതും.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 26 ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചൈന ഇന്നും അവരുടെ രാഷ്ട്രനായകന്മാരില്‍ ഒരാളായി കാണുന്ന ലിന്‍ സെസുവിന്റെ ജീവിതവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ക്വിങ് ഭരണ കാലത്തെ ഒരു പണ്ഡിതനും ഭരണാധികാരിയുമായിരുന്നു ലിന്‍ (1785 ഓഗസ്റ്റ് 30 1850 നവംബര്‍ 22). ചൈനയിലെ ഗ്വാന്‍ഴോ പ്രവിശ്യ കേന്ദ്രീകരിച്ച് കറുപ്പ് ഇറക്കുമതി വ്യാപകമായിരുന്ന കാലം. ബ്രിട്ടനില്‍ നിന്നാണ് കറുപ്പ് ചൈനയിലേക്കു വന്നത്. ഗ്വാന്‍ഴോയിലെ ഹുമെന്‍ എന്ന സ്ഥലത്തു വച്ച് ഒപ്പിയം വ്യവസായത്തിനെതിരേ പോരാടുമെന്ന് ലിന്‍ പ്രഖ്യാപിച്ചത് ഒരു ജൂണ്‍ 26നാണ്. ബ്രിട്ടനും ചൈനയും തമ്മിലുള്ള ഒന്നാം കറുപ്പു യുദ്ധത്തിന്റെ ആദ്യ കാരണങ്ങളിലൊന്ന് ലിന്നിന്റെ ഈ പ്രഖ്യാപനമാണെന്നാണ് കരുതുന്നത്. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടങ്ങളിലെ ശക്തമായ പ്രഖ്യാപനമായി അതു വാഴ്ത്തപ്പെട്ടു.