ഷുക്കൂര്‍വധം: ജയരാജനെ ചോദ്യംചെയ്യുന്നതു നേരത്തേയാക്കി

single-img
26 June 2012

തളിപ്പറമ്പ് അരിയിലിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യംചെയ്യുന്നതു നേരത്തെയാക്കി. ജൂലൈ ഒന്‍പതിനു ചോദ്യംചെയ്യാനിരുന്നതു ജൂലൈ അഞ്ചിലേക്കാണു മാറ്റിയത്. കഴിഞ്ഞ 22-നു ജയരാജനെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകള്‍മൂലം ഹാജരാകാന്‍ കഴിയില്ലെന്നു പറഞ്ഞു പോലീസിനു കത്തു നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം ഹാജരാവാമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനുശേഷം ജയരാജന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയും പത്രസമ്മേളനങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. പോലീസിനു മുന്നില്‍ ഹാജരാവാന്‍ കഴിയാത്ത രീതിയില്‍ ശാരീരിക പ്രശ്‌നങ്ങളില്ലെന്നു വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണു ചോദ്യംചെയ്യുന്നതു നേരത്തെയാക്കിയതെന്നു പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.