മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി; ചെന്നിത്തലയും ലീഗും തുറന്ന പോരിന്

single-img
26 June 2012

ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമില്‍പ്പെടുത്തി ആരംഭിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള നീക്കത്തില്‍ കെപിസിസി എതിര്‍പ്പു പ്രകടിപ്പിച്ചു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് എതിര്‍പ്പ് അറിയിച്ചു. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം സാമുദായിക ധ്രുവീകരണത്തിനു വഴിതെളിക്കുമെന്നു രമേശ് അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. ഒരു സമുദായത്തിനു മാത്രം പ്രയോജനം കിട്ടുന്ന തീരുമാനം ഇപ്പോഴത്തെ നിലയില്‍ സ്വീകാര്യമല്ലെന്നാണു രമേശ് അഭിപ്രായപ്പെട്ടത്. ഇതോടെ തീരുമാനത്തില്‍നിന്നു പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായേക്കും. ഇത്തരമൊരു തീരുമാനമെടുക്കുന്നതിനുമുമ്പ് യുഡിഎഫിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും ചര്‍ച്ച ചെയ്യേണ്ടതായിരുന്നു എന്നാണു കോണ്‍ഗ്രസിന്റെ അഭിപ്രായം. എന്നാല്‍ അത്തരം കൂടിയാലോചനകളൊന്നും ഉണ്ടായിട്ടില്ല. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രമേശ് ചെന്നിത്തലയുമായി ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചതായും അറിയുന്നു. ഒരു കാരണവശാലും തീരുമാനം നടപ്പാക്കാന്‍ സാധിക്കില്ലെന്ന കര്‍ശന നിലപാടാണു രമേശ് കൈക്കൊണ്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു.