ഉണ്ണിത്താന്‍ വധശ്രമക്കേസ് : ഡിവൈഎസ്പി റഷീദിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

single-img
25 June 2012

പത്രപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎസ്പി റഷീദിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. തിങ്കളാഴ്ച ഹാജരാക്കിയപ്പോഴാണു മജിസ്‌ട്രേറ്റ് പി. ശശിധരന്‍ അടുത്തമാസം ഒമ്പതു വരെ വീണ്ടും റിമാന്‍ഡ് ചെയ്തു കൊല്ലം ജില്ലാ ജയിലിലേക്ക് അയച്ചത്. സിബിഐ കസ്റ്റഡിയിലെടുത്തപ്പോള്‍ തന്റെ പക്കല്‍നിന്നു പിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടു റഷീദ് അപേക്ഷ നല്കി. 4,000 രൂപ വിലയുള്ള ഷൂസും 3,000 രൂപ വിലയുള്ള ബെല്‍റ്റ്, മൂന്നു പെന്‍ഡ്രൈവ് എന്നിവ വിട്ടുകിട്ടണമെന്നാണു പരാതി. സിബിഐ കസ്റ്റഡിയില്‍ മര്‍ദിച്ചതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികില്‍സക്കായി അയക്കണമെന്നും ആവശ്യപ്പെട്ടു മറ്റൊരു പരാതിയും ഉന്നയിച്ചിട്ടുണ്ട്. മൂന്ന് ആശുപത്രികളുടെ പേരും അപേക്ഷയില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി.