രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി

single-img
25 June 2012

രാജ്യസഭയിലേക്കു കേരളത്തില്‍നിന്ന് ഒഴിവുള്ള മൂന്നു സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്. നിയമസഭാ മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണു തെരഞ്ഞെടുപ്പു നടക്കുന്നത്. വൈകുന്നേരം അഞ്ചിനു വോട്ടെണ്ണല്‍ ആരംഭിക്കും. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്ക് യുഡിഎഫില്‍നിന്നും എല്‍ഡിഎഫില്‍നിന്നും രണ്ടു സ്ഥാനാര്‍ഥികള്‍ വീതം മത്സരിക്കുന്നു. വോട്ടുബലംവച്ച് യുഡിഎഫിനു രണ്ടുപേരെയും എല്‍ഡിഎഫിന് ഒരാളെയും ജയിപ്പിക്കാനാകും. യുഡിഎഫില്‍നിന്നു കോണ്‍ഗ്രസിലെ പ്രഫ. പി.ജെ. കുര്യനും കേരള കോണ്‍ഗ്രസ് -എമ്മിലെ ജോയി ഏബ്രഹാമുമാണു സ്ഥാനാര്‍ഥികള്‍. എല്‍ഡിഎഫില്‍നിന്നു സിപിഎമ്മിലെ സി.പി. നാരായണനും സിപിഐയിലെ സി.എന്‍. ചന്ദ്രനും മത്സരിക്കുന്നു. ഇതില്‍ സി.പി. നാരായണനു ജയിക്കാനാവശ്യമായ വോട്ട് എല്‍ഡിഎഫിനുണ്ട്. ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ 36 വോട്ടു വേണം. ഇതനുസരിച്ച് യുഡിഎഫിന്റെ രണ്ടുസ്ഥാനാ ര്‍ഥികളും എല്‍ഡിഎഫിന്റെ ഒരാളും ജയിക്കേണ്ടതാണ്. നിയമസഭയില്‍ യുഡിഎഫിന് 73ഉം എല്‍ഡിഎഫിന് 67 ഉം അംഗങ്ങളാണുള്ളത്. ഇതില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ലൂഡി ലൂയിസിനു രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ല. അതിനാല്‍ യുഡിഎഫില്‍നിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് 72 പേര്‍ക്കുമാത്രമാണു വോട്ടുള്ളത്.