സുകുമാരന്‍ നായര്‍ സംസാരിക്കുന്നത് കാര്യങ്ങള്‍ പഠിച്ചിട്ടാകണമെന്ന് മജീദ്

single-img
24 June 2012

എന്‍എസ്എസ് കേരള സമൂഹത്തിനു നല്കിയ സംഭാവനയെക്കുറിച്ചു തനിക്കു പൂര്‍ണ ബോധ്യമുണെ്ടന്നു മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. സുകുമാരന്‍ നായരൊഴികെ എന്‍എസ്എസിന്റെ ഒരു നേതൃത്വവും ഇതേവരെ മുസ്‌ലിംലീഗിനെ എതിര്‍ത്തു പറഞ്ഞിട്ടില്ല. സുകുമാരന്‍ നായര്‍ കാര്യങ്ങള്‍ പഠിച്ചു മനസിലാക്കിയ ശേഷമേ പ്രതികരിക്കാവൂവെന്നും മജീദ് മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ മല്‍സരിച്ചത് എന്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണെന്നു മജീദ് കഴിഞ്ഞ ദിവസം പാലക്കാട്ടു ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പറഞ്ഞതോടെയാണു മജീദിനെതിരേ സുകുമാരന്‍ നായര്‍ രംഗത്തുവന്നത്.

സാമുദായിക സന്തുലനാവസ്ഥ എന്ന മനോഹര പദമുപയോഗിച്ചു മുസ്‌ലിംലീഗിനെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനോ മതേതരസ്വഭാവം ഇല്ലാതാക്കാനോ ഉള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മഞ്ഞളാംകുഴി അലിക്ക് പ്രവാസിലീഗ് മലപ്പുറത്തു നല്കിയ സ്വീകരണ യോഗത്തിലാണ് സുകുമാരന്‍ നായരുടെ പ്രതികരണത്തിനു മറുപടി പറഞ്ഞത്. മുസ്‌ലിംലീഗിനു സര്‍ക്കാരില്‍ ന്യായമായി തന്നെയാണു വകുപ്പുകള്‍ ലഭിച്ചിട്ടുള്ളത്. ഈ വകുപ്പുകളെല്ലാം ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണെന്നും മജീദ് ചൂണ്ടിക്കാട്ടി.