പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങി

single-img
23 June 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതികളിലൊരാളായ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ കീഴടങ്ങി. വടകര കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. രണ്ടുപേര്‍ക്കൊപ്പം ഓട്ടോയില്‍ കോടതിയില്‍ വന്നിറങ്ങിയ കുഞ്ഞനന്തന്‍ കോടതിയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടതിയില്‍ കീഴടങ്ങിയ കുഞ്ഞനന്തനെ പത്തു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുഞ്ഞനന്തനെ എല്ലാ ദിവസവും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടു.

കുഞ്ഞനന്തന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തളളിയിരുന്നു. കുഞ്ഞനന്തനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഒരുമാസം പൂര്‍ത്തിയായ ദിവസമാണ് കുഞ്ഞനന്തന്‍ വടകര കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്.

ശാരീരികമായി കുഞ്ഞനന്തന്‍ അവശണെന്നും ഏതു നിമിഷവും കീഴടങ്ങിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കീഴടങ്ങാനുള്ള സന്നദ്ധത കുഞ്ഞനന്തന്‍ നേരത്തെ ചില അഭിഭാഷകര്‍ മുഖേന അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞനന്തനെ അറസ്റ്റു ചെയ്യുമെന്ന ഉറച്ച നിലപാടിലായിരുന്നു അന്വേഷണസംഘം. വടകര കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്‌ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്.