അട്ടപ്പാടി ഡാം: ആനക്കട്ടിയില്‍ തമിഴ്‌നാട്ടുകാരുടെ വഴിതടയല്‍

single-img
22 June 2012

അട്ടപ്പാടി ഡാം പ്രശ്‌നം മുല്ലപ്പെരിയാര്‍ വിജയത്തെപ്പോലെ സങ്കീര്‍ണ്ണമായി മാറുകയാണെന്ന് സൂചന. അട്ടപ്പാടിയില്‍ അണക്കെട്ടു നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടിയില്‍ തമിഴ് സംഘടന വഴിതടയല്‍ സമരം നടത്തി. നാം തമിഴന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു സമരം. രാവിലെയോടെ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു നിലയുറപ്പിച്ചിരുന്നു. ഉച്ചയോടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കിയാണു വാഹനഗതാഗതം പുനസ്ഥാപിച്ചത്. അതേസമയം, ആനക്കട്ടിയിലെ പ്രദേശവാസികള്‍ സഹകരിക്കാതിരുന്നതു സമരത്തെ നിര്‍വീര്യമാക്കി. കേരളത്തില്‍നിന്ന് ആനക്കട്ടിവഴി കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ ഓടിയില്ല. എന്നാല്‍, തമിഴ്‌നാട്ടില്‍നിന്നുള്ള വാഹനങ്ങള്‍ സുഗമമായി അതിര്‍ത്തി കടന്നുവരികയും ചെയ്തു. ഡാം നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയാല്‍ കേരളത്തിലേക്കുള്ള പഴം, പച്ചക്കറി, അരി ഉള്‍പ്പെടെയുള്ളവ തടയുമെന്നു സംഘടനാ നേതാക്കള്‍ പ്രസ്താവിച്ചു.