എ.ചന്ദ്രശേഖര ശര്‍മ, കെ.എന്‍. മുരളി, ടി.കേശവ്കുമാര്‍ എസ്ബിടി ജനറല്‍ മാനേജര്‍മാര്‍

single-img
21 June 2012

എ.ചന്ദ്രശേഖര ശര്‍മ, കെ.എന്‍. മുരളി, ടി.കേശവ്കുമാര്‍, എന്നിവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജനറല്‍മാനേജര്‍മാരായി സ്ഥാനമേറ്റു.1984 ല്‍ എസ്ബിടിയില്‍ പ്രൊബേഷണറി ഓഫീസറായി ജോലിയില്‍ പ്രവേശിച്ച ടി.കേശവ്കുമാറിന് വിവര സാങ്കേതികത, വിദേശനാണ്യ വിനിമയം, വായ്പ തുടങ്ങിയ മേഖലകളില്‍ പരിചയമ്പത്തുണ്ട്. ഡെപ്യൂട്ടി ജനറല്‍ മാനേജരായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിലും എസ്ബിടി കോഴിക്കോട് മേഖലയിലും സേവനമനുഷ്ഠിച്ചു.

1972 ല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദില്‍ ബാങ്കിംഗ് ജീവിതമാരംഭിച്ച എ.ചന്ദ്രശേഖര ശര്‍മയ്ക്ക് അതേ ബാങ്കിലെ പ്രമുഖ തസ്തികകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ ഹൂബ്ലി മേഖലയിലും എസ്ബിടി എറണാകുളം മേഖലയിലും ഡെപ്യട്ടി ജനറല്‍മാനേജരായി അനുഭവസമ്പത്തുണ്ട്.

കെ.എന്‍. മുരളി 1977 ല്‍ ഔദ്യോഗിക ജീവിതം തുടങ്ങി. എസ്ബിടി കോഴിക്കോട്-തിരുവനന്തപുരം മേഖലകളില്‍ കണ്‍ട്രോളര്‍ ആയിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, എസ്ബിടി തിരുവനന്തപുരം മേഖല എന്നിവിടങ്ങളില്‍ ഡെപ്യട്ടി ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചു.