സംസ്ഥാനത്ത് 961 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചെന്ന് മന്ത്രി ശിവകുമാര്‍

single-img
20 June 2012

സംസ്ഥാനത്ത് 961 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്കു ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം -729, കൊല്ലം-18, പത്തനംതിട്ട -40, ആലപ്പുഴ -10, കോട്ടയം -43, ഇടുക്കി -23, എറണാകുളം -32, തൃശൂര്‍ -22, പാലക്കാട് -6, മലപ്പുറം -16, കോഴിക്കോട് -7, വയനാട് -3, കണ്ണൂര്‍ -11, കാസര്‍ഗോഡ് -1. ഡെങ്കിപ്പനി വ്യാപനം തടയുന്നതിനു കൊതുക്, കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളായ ഉറവിട നശീകരണം, ഫോഗിംഗ്, സ്‌പ്രേയിംഗ്, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നുണ്ട്. ജൂണ്‍ ഒന്നു മുതല്‍ 15 വരെ സംസ്ഥാനത്തൊട്ടാകെ പനിക്കു ചികിത്സതേടി സര്‍ക്കാരാശുപത്രികളിലെ ഒപി വിഭാഗത്തില്‍ 93,960 പേര്‍ എത്തിയിട്ടുണെ്ടന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 15വരെ 40,761 പേരാണു പനിക്കു ചികിത്സ തേടിയെത്തിയത്.

മൂന്നു മൊബൈല്‍ പനി ക്ലിനിക്കുകള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്നും ജനറല്‍ ആശുപത്രിയില്‍ ഒന്നും പനി വാര്‍ഡുകള്‍ ആരംഭിച്ചു. ഐരാണിമുട്ടത്ത് ഒരു പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. ഒപി സമയം ദീര്‍ഘിപ്പിക്കുകയും ജനറല്‍ ആശുപത്രി, ജില്ല മാതൃകാശുപത്രി പേരൂര്‍ക്കട, ഫോര്‍ട്ട് ആശുപത്രികള്‍, നേമം സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളവരോ ശിപാര്‍ശ ചെയ്യുന്നവരോ ആയ ആദായ നികുതി നല്‍കാത്ത രോഗികള്‍ക്ക് സൗജന്യമായി ജനറിക് മെഡിസിന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കും. ഇതിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെടും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനായി 35 കാരുണ്യ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും. ഇവിടെ 80% വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.