സംഗ്മ എന്‍സിപിയില്‍ നിന്നും രാജിവച്ചു

single-img
20 June 2012

ഡല്‍ഹിയില്‍ ഉരുണ്ടുകൂടിയ രാഷ്ട്രീയ കാര്‍മേഘങ്ങള്‍ പെയ്തുതുടങ്ങിയതിന്റെ സൂചന കിട്ടിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രപതിസ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയ മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സംഗ്മ എന്‍സിപി അംഗത്വം രാജിവച്ചു. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി യുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു സംഗ്മ രാജി അറിയിച്ചത്. എന്‍ഡിഎയുടെ പിന്തുണ ലക്ഷ്യമാക്കിയാണു രാജിയെങ്കിലും സംഗ്മയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എന്‍ഡിഎയില്‍ ഇന്നലെയും തീരുമാനമായില്ല. പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കണമെന്ന ആവശ്യത്തില്‍ അയവില്ലാതെ ഘടകകക്ഷികള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ നടക്കാനിരുന്ന എന്‍ഡിഎ യോഗം ഇന്നത്തേക്കു മാറ്റിയിരി ക്കുകയാണ്.

അതേസമയം, സംഗ്മ രാജിവച്ച സാഹചര്യം വിലയിരുത്താന്‍ എന്‍ഡിഎയിലെ ചില നേതാക്കള്‍ ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. സംഗ്മയ്ക്കു പിന്തുണ നല്‍കണോയെന്ന കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കുമെന്നു യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് അറിയിച്ചു. എന്നാല്‍, പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ജനതാദള്‍ യു ഇന്ന് ഈ തീരുമാനം പ്രഖ്യാപിക്കുമെന്നാണു സൂചന.

രാജിയല്ലാതെ തന്റെ മുന്നില്‍ വേറെ മാര്‍ഗമില്ലെന്നാണ് സംഗ്മ വിശദീകരിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തീരുമാനം മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എന്‍സിപി നേതൃത്വം മുന്നറിയിപ്പു നല്‍കിയിരുന്നു. പാര്‍ട്ടിനിലപാടു മറികടന്നു മത്സരിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറും വ്യക്തമാക്കിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ചു രംഗത്തെത്തിയ സംഗ്മ, ഇതിനോടകം ബിജെപി അടക്കമുള്ള എന്‍ഡിഎ- മൂന്നാം മുന്നണി കക്ഷികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

എന്‍ഡിഎ ഘടകകക്ഷിയായ ജനതാ പാര്‍ട്ടിയുടെ നേതാവു സുബ്രഹ്മണ്യന്‍ സ്വാമിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം സംഗ്മ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമി തന്നെയാണു സംഗ്മയുടെ രാജിക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. വളരെ വലിയ അപമാന മാണു യുപിഎയില്‍ നിന്നു സംഗ്മയ്ക്കു നേരിടേണ്ടിവന്നതെന്നും സ്വാമി പറഞ്ഞു. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ തയാറല്ലെന്നു സംഗ്മ തയാറാക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഗോത്രവര്‍ഗ സമൂഹത്തില്‍നിന്ന് ഇതുവരെ ഒരു രാഷ്ട്രപതി ഉണ്ടായിട്ടില്ല. അതിനാലാണു താന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെന്നു സംഗ്മ പ റഞ്ഞു. യുപിഎ ഇതര കക്ഷികളെല്ലാം തനിക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. അവരോടു നന്ദിയുണ്ട്. അതിനാല്‍ സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടു പോകുകയാണെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.