മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരേ കെ.സുധാകരന്‍

single-img
18 June 2012

സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇച്ഛാശക്തിയുള്ള നേതാവാണെങ്കിലും അദ്ദേഹ ത്തിനു തോന്നിയാല്‍ മാത്രമേ ഫലപ്രദമായ നടപടികളും തീരുമാനങ്ങളും എടുക്കുകയുള്ളൂവെന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എംപി. പാര്‍ട്ടിക്കു വേണ്ടി മന്ത്രിയെ നല്ലതു തോന്നിപ്പിക്കാന്‍ വേദിയിലിരിക്കുന്ന കരകുളം കൃഷ്ണപിള്ളയെ പോലുള്ളവര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുധാകരന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ രണ്ടു കോടി ഉണ്ടായിരുന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ ബാധ്യത ഇപ്പോള്‍ 350 കോടിയാണ്. വകതിരിവില്ലാതെ വന്‍കിട സ്ഥാപനങ്ങള്‍ക്കു വാരിക്കോരി വായ്പ നല്കുകയായിരുന്നു. അടയ്ക്കാത്ത ലോണിനു മുകളില്‍ വീണ്ടും വായ്പ നല്കി. ഇത്തരത്തില്‍ സഹകരണ മേഖലയെ സ്വന്തക്കാര്‍ക്കു കൊള്ളയടിക്കാന്‍ വീതിച്ചു നല്കിയവരെ കണെ്ടത്തി ജയിലിലടയ്ക്കാന്‍ അവസരം ഉണ്ടാകണം. വിമാനത്തിലും ട്രെയിനിലെ എസി കോച്ചിലും യാത്ര പതിവാക്കി അപൂര്‍വം മാത്രം ഭൂമിയിലിറങ്ങുന്ന ഒരു സഹകാരി ഇപ്പോള്‍ മന്ത്രി ബാലകൃഷ്ണനോട് ഒട്ടി നില്ക്കാന്‍ ശ്രമിക്കുകയാണ്. ഈ നയം തിരുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേരളത്തിലാകെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്കി. ഇടതു ഭരണത്തില്‍ കൊള്ളയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായ സഹകരണ മേഖലയെ ശുചീകരിക്കാന്‍ മന്ത്രി മുതല്‍ ജീവനക്കാര്‍വരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.